Monday, August 15, 2011

നക്ഷത്രങ്ങളേ കാവല്‍

ഒരു ചെറിയ വീട്, അവിടെ ഞാനും ഭര്‍ത്താവും ഒരു വേലക്കാരിപ്പെണ്ണൂം മാത്രം.രാവിലെ ഉറങ്ങാന്‍ കിടക്കുന്ന ഭര്‍ത്താവിനെ ഉണര്‍ത്താതെ അടുക്കളയിലേക്കു കയറിപ്പോകുന്ന താന്‍ , ആവി പറക്കുന്ന ചായയുമായി ശബ്ദമുണ്ടാക്കാതെ കടന്നു വന്നു അദ്ദേഹത്തെ ചുംബിച്ചുണര്‍ത്തി , ആ കരവലയത്തില്‍ അമര്‍ന്നുകിടന്ന് അദ്ദേഹം മൊത്തുന്ന ചായയില്‍ നിന്ന് ഓരൊ കവിള്‍ കുടിച്ച് ആത്മനിര്‍വ്രുതി അടയുന്ന ഭാര്യ.ഓഫീസിലേക്കു പോകാനായി കാറിറക്കിനില്‍ക്കുന്ന അദ്ദേഹത്തിന്റെ ചുമലില്‍ കയîിട്ട് ദീര്‍ഘമായി ചുംബിച്ച് യാത്രയയക്കുന്ന താന്‍ , ഓഫീസില്‍ നിന്നു ഇടയ്ക്കിടെ വരുന്ന അദ്ദേഹത്തിന്റെ ഫോണ്‍കോളുകള്‍ , ഉച്ചക്ക് ഗേറ്റില്‍ മുഴങ്ങുന്ന ഹോണ്‍.അദ്ദേഹം ഊണുകഴിക്കാന്‍ വരുന്നു.ഊണുകഴിഞ്ഞ്, പരസ്പരം പുണര്‍ന്നു കിടന്ന്,കിന്നാരങ്ങള്‍ പറഞ്ഞ് വൈകുന്നേരത്തേക്കുള്ള പരിപാടികള്‍ പറഞ്ഞുറപ്പിച്ച്,തള്ളിനീക്കുന്ന സായാഹ്നമയക്കം.അദ്ദേഹം വീണ്ടും ഓഫീസിലേക്കു പോയിക്കഴിഞ്ഞ് നിശബ്ദമായി വീട്ടിലിരുന്ന് കൂട്ടുകാരികള്‍ക്കെഴുതുന്ന കത്തുകള്‍ വൈകുന്നേരം ,വന്നാലുടന്‍, ആഹ്ലാദത്തോടെ സ്വീകരിച്ച് ചായ കൊണ്ടുകൊടുക്കുമ്പോള്‍ ,അദ്ദേഹം പറയുന്ന ഓഫീസ് കഥകള്‍ കേട്ട്, മറ്റെന്തോ ആലോചിച്ച് നിര്‍നിമേഷയായുള്ള ഇരിപ്പ്.സായഹ്നസഞ്ചാരം, കടല്‍ത്തീരം.സിനിമാ തിയേറ്റര്‍ . പുതിയ പൂക്കളുടെ സുഗന്ധം.കണ്ടു നില്‍ക്കുന്നവരുടെ ശബ്ദം ചെവിയില്‍ വീഴുമ്പോള്‍ മേനിയില്‍ വിടരുന്ന പുളകത്തിന്റെ മട്ടുകള്‍ (നല്ല ചേര്‍ച്ച. രണ്ടുപേരും ഒരുപോലെയിരിക്കുന്നു).രാത്രിയില്‍ , ഏകാന്തതയില്‍ , ഒന്നിനോടൊന്ന് ഇഴുകിചേര്‍ന്ന് പോകുന്ന രണ്ടാത്മാക്കള്‍ .. (നക്ഷത്രങ്ങളേ കാവല്‍ )

0 comments:

Post a Comment