Sunday, October 27, 2013

വയലാർ രാമവർമ്മ / ഉത്സവദ്വീപ്‌

ഇന്നലെ രാത്രി വിടർത്തിയ പുഷ്പങ്ങൾ
ഇന്നു വെളുത്തപ്പോളെവിടെപ്പോയ്‌?
മണ്ണിൽ പൊക്കിൾക്കൊടിനട്ട പൂഷ്പങ്ങൾ
ഇന്നു വെളുത്തപ്പോളെവിടെപ്പോയ്‌.

മന്വന്തരങ്ങൾ തൻ രക്താസ്ഥി മജ്ജകൾ
മണ്ണിൽ ജ്വലിപ്പിച്ച സൗ ന്ദര്യം
വാരിപ്പുരട്ടിയ സിന്ദൂര പുഷ്പങ്ങൾ
നേരം വെളുത്തപ്പോളെവിടെപ്പോയ്‌?

ഈറൻ ഞൊറിയുമിളം കാറ്റോ-ഭൂമി
മാറുമറയ്ക്കുമിളം വെയിലോ
വേളി കഴിയാത്ത സ്വപ്നങ്ങളോ-മുള്ളിൽ
വീണു മുറിവേറ്റ ദു:ഖ ങ്ങളോ

പൂണൂലുമോലക്കുടയുമായ്‌ മണ്ഡല-
പൂജയ്ക്കു പോയ വെളുത്ത വാവോ
വള്ളിക്കുടിലു വളർത്തിയ പൂക്കളെ
നുള്ളിയെടുത്തുംകൊണ്ടോടിപ്പോയ്‌

കവിയുടെ ചോദ്യം ചിറകിട്ടടിച്ചു കൊ-
ണ്ടവിടെയുമിവിടെയും മുട്ടുമ്പോൾ
ഒരു കൃഷ്ണപക്ഷക്കിളിക്കൂട്ടിനുള്ളില
മറുപടിയൊച്ച ചിലച്ചുയർന്നു.

"പ്രണയമദം കൊണ്ട കാമുകർ കാലത്തീ
പനിനീർ മലർ ദ്വീപിൽ വന്നൂപോൽ
നഖമുനകൊണ്ടവർ പൂക്കൾ നുള്ളിക്കോർത്തു
സഖികളെ പൂണാരം ചാർത്തീ പോൽ"

കന്നിമലർത്തിരി കാണാൻ കൊതിച്ചൊരു
കവിയുടെ ചോദ്യം ജ്വലിച്ചുയർന്നു
"പൂക്കളും ചാർത്തി പുളകങ്ങളും ചാർത്തി
പുഷ്പിണിമാരരവരെവിടെപ്പോയ്‌?"

മറുപടിയുണ്ടായി:"പുഷ്പിണിമാരവർ
ഒരു നാട്ടിലുത്സവം കാണാൻ പോയ്‌"

"എവിടെയാണുത്സവം, എന്താണുത്സവം?"
കവിയുടെയുൽക്കണ്ഠ ചോദിച്ചു

മണ്ണിനെ, മണ്ണിലെ സൗഗന്ധികങ്ങളെ
സിന്ദൂരമാടിയ വയലാറിൽ

ദു:ഖഖനികളെ സ്വപ്നങ്ങൾ തൻ രക്ത-
രത്നങ്ങൾ ചൂടിച്ച വയലാറിൽ

എന്നും വസന്തങ്ങൾ പൂക്കുവാൻ ചോരയാൽ
മണ്ണീറനായൊരു വയലാറിൽ

അഗ്നിമകുടങ്ങൾ ചാർത്തിയ മോഹങ്ങൾ
അങ്കമാടിപ്പൂത്ത വയലാറിൽ

ഉത്സവം,-ഉത്സവം,-വിപ്ലവത്തിൻ വിജ-
യോത്സവ,-മിന്നു നടക്കുന്നു.

ഇന്നു വികസിച്ച പൂക്കളും,പൂക്കളിൽ
നിന്നു ജനിക്കുന്ന കാരുണ്യവും
പൊട്ടിച്ചിരിക്കും പ്രഭാതങ്ങൾ ത,ന്നമ്മ-
വീട്ടിലെയുത്സവം കാണാമ്പോയ്‌!

കാറ്റു ചുവന്ന കൊടിയുയർത്തും വയ-
ലാറ്റിലെയുത്സവം കാണാമ്പോയ്‌!

കവിയുടെ നെടുവീർപ്പിൽ ഒരു പുഷ്പ സൗരഭ്യ-
മൊഴുകിപ്പരക്കുകയായിരുന്നു
കവിയുടെ ഗീതം, വയലാറിലെ സ്വപ്ന-
ഖ നികളിലലിയുകയായിരുന്നു!

0 comments:

Post a Comment