Saturday, January 14, 2017

ഗാന്ധിവധം, ആഘോഷം തിരുവനന്തപുരത്ത്

സ്വാതന്ത്ര്യ ലബ്ധിയുടെ ഹര്‍ഷലഹരിക്കിടയിലും ഏവരെയും ദുഖത്തിലാഴ്ത്തിയ ഒരു ദുരന്തവുമുണ്ടായി –

ഒരു വൈകുന്നേരം ഹോസ്റ്റലിലെത്തി ചായകുടിക്കാനിരിക്കുമ്പോഴാണ് ‘കാരണോര്‍ ‘ എന്ന വാല്യക്കാരന്‍ കരഞ്ഞുവിളിച്ചുകൊണ്ട് വന്നു പറഞ്ഞത് “മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്നു സാറന്മാരേ കുറച്ചു മുമ്പേ- “ കുടിച്ചു കൊണ്ടിരുന്ന ചായ മേശപ്പുറത്തു വെച്ചെല്ലാവരും എഴുന്നേറ്റ് ഹോസ്റ്റലിനു പുറത്തേക്കിറങ്ങി.


നഗരത്തിലെ തോട്ടിപ്പണിക്കാര്‍ പാര്‍ക്കുന്ന ഭങ്കി കോളനിയില്‍ കറുത്തകൊടികള്‍ കണ്ടു. എന്തു ചെയ്യണം എന്നറിയാതെ ആളുകള്‍ ‘ റസിഡന്‍സി മൈതാനം’ എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് നീങ്ങുന്നു; കൂട്ടത്തില്‍ ഞങ്ങളും.

ചിലര്‍ കറുത്ത ബാഡ്ജ്കള്‍ വിതരണം ചെയ്യുന്നു .

അതിനിടയില്‍ തമ്പാനൂരിലേക്കുള്ള വഴിയരികില്‍ ഒരു വലിയ അഡ്വക്കേറ്റിന്റെ കൂറ്റന്‍ ഗേറ്റ് പാതി തുറന്നു വെച്ച് രണ്ടു യുവാക്കള്‍ വഴിപോക്കര്‍ക്ക് ലഡ്ഡു വിതരണം ചെയ്യുന്നു. സമ്പന്നമായ ആ ബ്രാഹ്മണ കുടുംബത്തില്‍ വല്ല വിശേഷവുമുണ്ടാവാം. അതിന്‍റെ പേരിലാവാം ഈ മധുരം വിതരണം ചെയ്യുന്നതെന്നേ ആദ്യം കരുതിയുള്ളൂ.

 “ അരുത് ! ഗാന്ധിജിയെ ആരോ വെടിവെച്ചു കൊന്നു... അറിഞ്ഞില്ലേ? “

അപ്പോള്‍ വിതരണക്കാരില്‍ ഒരാള്‍ പറഞ്ഞു : “ അതിന്‍റെ പേരിലാണിത്.”

പറഞ്ഞു തീരും മുന്‍പ് ഞങ്ങളുടെ കൂട്ടത്തിലെ ഒരു വിദ്യാര്‍ഥിയുടെ കൈ അവന്‍റെ കരണത്ത് പതിഞ്ഞു. “ കയറിപ്പോടാ അകത്തെ “ന്നോരാജ്ഞയും!
അവര്‍ ഗേറ്റടച്ച് പിന്‍വാങ്ങി.

അന്നുമുതല്‍ ആ അഡ്വക്കേറ്റ് നേതൃത്വം നല്‍കിയിരുന്ന സംഘത്തിന്‍റെ നേര്‍ക്കുള്ള വെറുപ്പ്, ഒരു അമ്ലമഴയില്‍ നിന്നൂ തെറിച്ചു വീണ തുള്ളിയായിന്നും എന്നില്‍ അവശേഷിക്കുന്നു.


അന്ന് കരണത്തടിച്ച ആ വിദ്യാര്‍ഥി പിന്നീട് കരുനാഗപ്പള്ളിയില്‍ നിന്ന് തിരു-കൊച്ചി അസംബ്ലിയിലെത്തുകയുണ്ടായി- “ ക്രിയാകേവലമുത്തരം “ എന്നു വിശ്വസിച്ചിരുന്ന ജി.കാര്‍ത്തികേയന്‍.

ഓ എന്‍ വി കുറുപ്പ്
പോക്കുവെയില്‍ മണ്ണിലെഴുതിയത്

0 comments:

Post a Comment