കാടെവിടെ മക്കളെ ?
മേടെവിടെ മക്കളെ ?
കാട്ടു പുല്‍തകിടിയുടെ
വേരെവിടെ മക്കളെ ?
കാട്ടുപൂഞ്ചോലയുടെ
കുളിരെവിടെ മക്കളെ
കാറ്റുകള്‍ പുലര്‍ന്നപൂ-
ങ്കാവെവിടെ മക്കളെ ?
കുട്ടിക്കരിംകുയില്‍
കൂവിതിമിര്‍ക്കുന്ന
കുട്ടനാടന്‍ പുഞ്ച-
യെവിടെന്‍റെ മക്കളെ ?
പായല്‍ച്ചുരുള്‍ചുറ്റി-
ദാഹനീര്‍ തേടാത്ത
കായലും തോടുകളു-
മെവിടെന്‍റെ മക്കളെ?
ചാകരമഹോല്‍സവ
പ്പെരുനാളിലലയടി -
ച്ചാര്‍ക്കുന്ന കടലോര-
മെവിടെന്‍റെ മക്കളെ?
കാര്‍ഷിക ഗവേഷണ
ക്കശപിശയില്‍ വാടാത്ത
കാട്ടുവീഴാക്കേര
തരുവെവിടെ മക്കളെ ?
ഫാക്ടറിപുകയുറ-
ഞ്ഞാസ്ത്മാവലിക്കാത്തൊ
രോക്സിജന്‍ വീശുന്ന
നാടെവിടെ മക്കളെ?
ശാസ്ത്രഗതി കൈവിരല്‍-
ത്തുമ്പാല്‍ നയിക്കുന്ന
തീര്‍ഥാടകര്‍ ചേര്‍ന്ന
നാടെവിടെ മക്കളെ ?
പത്തിരിക്കറി കൂട്ടി
മണവാട്ടിനുണയുന്നോ-
രൊപ്പനകള്‍ പാടുന്ന
നാടെവിടെ മക്കളെ ?
മരവും മനുഷ്യരും
കിളിയും മൃഗങ്ങളും
ചെടിയും ചെടിക്കാത്ത
നാടെവിടെ മക്കളെ ?
പൂത്തിരികള്‍ കത്തി വന-
ഗജരാജ മദഗന്ധ
പൂരം പൊലിക്കുന്ന
നാടെവിടെ മക്കളെ ?
അരുമകളെ യടിമകളെ
യാനകളെ ,മാനുകളെ
അറുകൊലയറുക്കാത്ത
നാടെവിടെ മക്കളെ ?
മലനാടിലൂറുന്ന
വയനാടിലുറയുന്ന
ചുടുരക്ത കബനീ നാ-
ടെവിടെന്‍റെ മക്കളെ ?
വിഷവാതമൂതാത്ത
വിഷവാണികേള്‍ക്കാത്ത
വിഷനീര്‍ കുടിക്കാത്ത
നാടെവിടെ മക്കളെ ?
ഉച്ചക്ക് കുട്ടികള്‍
ഞെട്ടിത്തളരാത്ത
വിദ്യാലയങ്ങളുടെ
നാടെവിടെ മക്കളെ ?
കള്ളനാക്കില്ലാത്ത
കൊള്ളിവാക്കില്ലാത്ത
കള്ളപ്പറയില്ലാത്ത
നാടെവിടെ മക്കളെ?
പാലില്‍ പഴത്തില്‍
മതത്തില്‍ മരുന്നിലും
മായയില്‍ ബ്രഹ്മത്തില്‍
മായം കലര്‍ത്താത്തോ
രെന്‍റെ നാടെന്‍റെ നാ -
ടെവിടെന്‍റെ മക്കളെ?
കാബറെക്കൊവള,മു-
ടന്തടിക്കഥകളി,
മധുവിധുപ്പൊന്‍മുടി-
പ്പൊന്നു ബിസ്കറ്റുകള്‍
ഗള്‍ഫുകൊട്ടാരങ്ങള്‍
കാണാത്തോ രെന്‍റെ നാ-
ടെന്‍റെ നാടെന്‍റെ നാ -
ടെവിടെന്‍റെ മക്കളെ?
യന്ത്രം കറക്കുന്ന
തന്ത്രം ചവയ്ക്കുന്ന
മന്ത്രം ജപിക്കുന്ന
മന്ത്രിമാരുരുളാത്ത
കുടിലും കുളങ്ങളും
ചുടുചാമ്പലാക്കാത്ത
കാടിന്‍റെ പൂക്കളുടെ
മാനം കെടുതാത്ത
കുടലയുടെ വേദാന്ത
പടുമോഴികളേതാന്ത
തളരും മനുഷ്യന്‍റെ
തലവെട്ടി വില്‍ക്കാത്ത
കുതറും മനുഷ്യന്‍റെ
കുടല്‍ മാല കീറാത്ത
കുടിലതകളില്ലാത്ത
കുന്നായ്മയില്ലാത്ത
കുശുകുശുപ്പറിയാത്ത
കൂടോത്രമില്ലാത്ത
കരളുകള്‍ കരയാത്ത
കണ്ണുനീരുറയാത്തോ
രെന്‍റെ നാടെന്‍റെ നാ -
ടെവിടെന്‍റെ മക്കളെ?
തോഴിലിനൊത്തുടമയൊ
ത്തുയിരിനൊത്തുടലുമൊ-
ത്തുത്തവിയൊത്തൊരോണമു-
ണ്ടുണരോണ്ടൊ രെന്‍റെ നാ-
ടെന്‍റെ നാടെന്‍റെ നാ -
ടെവിടെന്‍റെ മക്കളെ?
0 comments:
Post a Comment