Friday, August 20, 2010

അന്വേഷണം

എനിക്ക് ഞാന്‍ മുന്‍പ് ജോലി ചെയ്തിരുന്നിടത്തു  ഒരു ഭാര്യയും രണ്ടു കുട്ടികളുമുണ്ടത്രെ .ഞാനീ വിവരം അറിയുന്നത് അവിടെ നിന്നിവിടെ വന്നിട്ട് ഇരുപത്തിയൊന്നു കൊല്ലം കഴിഞ്ഞിട്ടാണ്.എന്‍റെ മാഷാണ് എന്നോടീ വിവരം പറഞ്ഞത് .അദ്ദേഹത്തോട് ഈ വിവരം പറഞ്ഞത് ആരാണെന്നു ഞാന്‍ ചോദിച്ചില്ല.
                      അവിടെ ജോലി ചെയ്തിരുന്ന കാലത്ത് എനിക്കു വിവാഹം കഴിക്കാനുള്ള പ്രയമായിട്ടുണ്ടായിരുന്നു .ആ നിലക്ക് ഏതെങ്കിലും ഒരു സ്ത്രീ ഞാന്‍ അറിയാതെവന്നു എന്‍റെ ഭാര്യയായി എന്നില്‍ നിന്ന് രണ്ടു കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ചു പോയിട്ടുണ്ടാകുമോ
                    ഏതായാലും ഈ വിവരമറിഞ്ഞശേഷം ഞാനവിടെ പോകുമ്പോഴെല്ലാം എനിക്കു ഞാനറിയാത്ത ഭാര്യയിലുള്ള മക്കളേതെന്നു കണ്ടു പിടിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു .പക്ഷെ എന്‍റെ ഏകദേശഛായ യെങ്കിലുമുള്ള ഒരാളെയും ഞാന്‍ ഇന്നുവരെ കണ്ടെത്തുകയുണ്ടായിട്ടില്ല.
     എന്‍റെ മക്കള്‍ക്ക്‌ എന്‍റെ തന്നെ സ്വരൂപവും സ്വഭാവവും വേണമെന്നില്ലല്ലോ.അമ്മയെ പോലെ യുള്ള മക്കളും പതിവുണ്ടല്ലോ .പക്ഷെ എന്‍റെ മക്കളുടെ മാതാവ് കറുത്തിട്ടോ വെളുത്തിട്ടോ എന്നുപോലും എനിക്കറിയില്ല 
                    അതിനാലെന്‍റെ ഭാര്യയായിരുന്ന സ്ത്രീയെയും എനിക്കു കണ്ടുപിടിക്കാനൊത്തിട്ടില്ല. ഞാന്‍ ഇപ്പോഴും അന്വേഷണത്തിലാണ് .
                                               അന്വേഷണം -കുഞ്ഞുണ്ണി മാഷ് 
          

0 comments:

Post a Comment