Tuesday, November 15, 2011

ആത്മ രഹസ്യം ..ചങ്ങമ്പുഴക്കവിത

ആ രാവില്‍ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലേ നീ !

         താരകാകീര്‍ണമായ നീലാംബരത്തിലന്നു
        ശാരദശശിലേഖ സമുല്ലസിക്കെ;

        തുള്ളിയുലഞ്ഞുയര്‍ന്നു തള്ളിവരുന്ന മൃദു-
        വെള്ളിവലാഹകകള്‍ നിരന്നു നില്‍ക്കെ;

        നര്‍ത്തനനിരതകള്‍, പുഷ്പിതലതികകള്‍
        നല്‍തളിര്‍കളാല്‍ നമ്മെത്തഴുകിടവെ;

        ആലോലപരിമളധോരണിയിങ്കല്‍ മുങ്ങി
        മാലേയാനിലന്‍ മന്ദമലഞ്ഞു പോകെ;

        നാണിച്ചുനാണിച്ചെന്‍റെ  മാറത്തു തലചായ്ച്ചു
        പ്രാണനായികേ, നീയെന്നരികില്‍ നില്‍ക്കെ;

        രോമാഞ്ചമിളകും നിന്‍ ഹേമാംഗകങ്ങള്‍ തോറും
         മാമകകരപുടം വിഹരിക്കവേ;

        പുഞ്ചിരിപൊടിഞ്ഞ നിന്‍  ചെന്ചൊടി തളിരിലെന്‍-
        ച്ചുംബനമിടയ്ക്കിടക്കമര്‍ന്നീടവെ;

       നാമിരുവരുമൊരു നീലശിലാതലത്തില്‍
       നാകനിര്‍വൃതിനേടിപരിലസിക്കെ;

ആ രാവില്‍ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലേ നീ !

       വേദന സഹിയാത്ത രോദനം തുളുമ്പിടും
       മാമകഹൃദയത്തിന്‍ ക്ഷതങ്ങള്‍ തോറും,

       ആദരസമന്വിതമാരുമറിയാതൊരു
       ശീതളസുഖാസവം പുരട്ടി മന്ദം,

       നീയെന്നെതഴുകവേ ഞാനൊരു ഗാനമായി
       നീലാംബരാന്തത്തോളമുയര്‍ന്നു പോയി!

      സങ്കല്പ്പസുഖത്തിനും മീതെയായ്‌ മിന്നും ദിവ്യ-
      മംഗളസ്വപ്നമേ, നിന്നരികിലെത്താന്‍

      യാതൊരു കഴിവുമില്ലാതെ, ഞാനെത്രകാല-
      മാതുരഹൃദയനായുഴന്നിരുന്നു!

       കൂരിരുള്‍ നിറഞ്ഞൊരെന്‍ ജീവിതം പൊടുന്നനെ-
       ത്താരകാവൃതമായിച്ചമഞ്ഞനേരം,

       ആവെളിച്ചത്തില്‍ നിന്നെക്കണ്ടു ഞാന്‍, ദിവ്യമാമൊ-
       രാനന്ദരശ്മിയായെന്നരികില്‍തന്നെ!

       മായാത്തകാന്തിവീശും  മംഗളകിരണമേ,
       നീയൊരുനിഴലാണെന്നാരുചൊല്ലി?

       അല്ലിലെവെളിച്ചമേ, നിന്നെ ഞാനറിഞ്ഞതി-
       ലല്ലലില്‍ മൂടിനില്‍ക്കുമാനന്ദമേ !

       യാതൊന്നും മറയ്ക്കാതെ നിന്നോടു സമസ്തവു-
       മോതുവാന്‍ കൊതിച്ചു നിന്നരികിലെത്തി,

       കണ്ണുനീര്‍ക്കണികകള്‍ വീണു നനഞ്ഞതാം നിന്‍
       പോന്നലര്‍ക്കവിള്‍ക്കൂമ്പു തുടച്ചു മന്ദം,

ആ രാവില്‍ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലേ നീ !

      എന്നാത്മരഹസ്യങ്ങളെന്തും ഞാന്‍ നിന്നോടോതും;
       മന്നിനായതു കേട്ടിട്ടെന്തു കാര്യം?

       ഭൂലോക മൂഡരായി നമ്മെയിന്നപരന്‍മാര്‍
       പൂരിതപരിഹാസം കരുതിയേക്കാം

      സാരമില്ലവയൊന്നും-സന്തതം, മമ ഭാഗ്യ-
      സാരസര്‍വസ്വമേ, നീയുഴന്നിടേണ്ട!

      മാമക ഹൃദയത്തില്‍ സ്പന്ദനം നില്‍ക്കുവോളം
      പ്രേമവുമതില്‍ ത്തിരയടിച്ചുകൊള്ളും!

      കല്‍പ്പാന്തകാലം വന്നു ഭൂലോകമാകെയൊരു
      കര്‍ക്കശസമുദ്രമായ്‌മാറിയാലും

      അന്നതിന്‍മീതെയലതല്ലിയിരച്ചുവന്നു
      പൊങ്ങിടുമോരോ കൊച്ചുകുമിളപോലും

      ഇന്നുമന്മാനസത്തില്‍ ത്തുള്ളിതുളുമ്പി നില്‍ക്കും
      നിന്നോടുള്ളനുരാഗമായിരിക്കും!

       രണ്ടല്ല നീയും  ഞാനുമോന്നായിക്കഴിഞ്ഞല്ലോ!....
       വിണ്ടലം നമുക്കിനി വേറെ വേണോ?

       ആരെല്ലാം ചോദിച്ചാലു,മാരെല്ലാം മുഷിഞ്ഞാലു-
       മാരെല്ലാം പരിഭവം കരുതിയാലും,

ആ രാവില്‍ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലേ നീ !

0 comments:

Post a Comment