Friday, November 25, 2011

നീറുന്ന തീച്ചൂള-ചങ്ങമ്പുഴക്കവിത

ആയുരാരോഗ്യങ്ങളാശീര്‍വദിച്ചുകൊ-
ണ്ടായിരമായിരമെത്തുന്നു കത്തുകള്‍
ഓരോസുഹൃത്തുക്കളജ്ഞാതര്‍കൂടിയു-
മീരോഗശ്ശയ്യയിലെത്തിപ്പൂ സംഖ്യകള്‍ .

ആബദ്ധസൗഹൃദമാഗമിപ്പൂ കനി-
ഞ്ഞാബാലവൃദ്ധമെന്നഭ്യുദയാര്‍ഥികള്‍ .
തിങ്ങിത്തുടിപ്പൂ വികാരങ്ങളെന്‍  ഹൃത്തി-
ലെങ്ങനെ നിങ്ങളോടോതേണ്ടു നന്ദി ഞാന്‍ ?
എതൗഷധത്തിനെക്കാളുമാശ്വാസദം
ചേതസ്സില്‍ വീഴുമിസ്സാന്ത്വനാര്‍ദ്രാമൃതം
എത്രയ്ക്കധമനാണെങ്കിലുമെന്നെയെന്‍
മിത്രങ്ങള്‍ നിങ്ങള്‍ വെടിഞ്ഞീലൊരിക്കലും
ശത്രുവെക്കൂടിയും ബന്ധിപ്പൂ മൈത്രിയാല്‍
ശപ്തമെന്‍ രോഗം; ചരിതാര്‍ത്ഥനാണു ഞാന്‍ .

നാനാരസാകുലം നാളെ മജ്ജീവിത-
നാടകത്തിങ്കല്‍ തിരശ്ശീലവീഴ്കിലും
അസ്വസ്ഥചിത്തനായ്‌ ദോ
ഷൈകദൃഷ്ടിയാ-
യസ്തമിച്ചീടാനിടയാക്കിയില്ല നീ
വീര്‍പ്പിട്ടു കണ്ണീരില്‍ മുങ്ങിനിന്നിന്നിതാ
മാപ്പുചോദിപ്പൂ ഞാന്‍ നിന്നോടു ലോകമേ

ഒപ്പം തമസ്സും പ്രകാശവുമുള്‍ച്ചേര്‍ന്നൊ-
രപ്രമേയാത്ഭുതംതന്നെ നിന്‍ ഹൃത്തടം!
ചെമ്പനീര്‍പ്പൂക്കള്‍ വിടരുമതില്‍ത്തന്നെ
വെമ്പിപ്പുളയ്ക്കുന്നു തേളും പുഴുക്കളും.
പുല്ലാങ്കുഴലിനും തോക്കിനും മധ്യത്തി-
ലുല്ലസിപ്പൂ നീസഗര്‍വനായ്‌ സൗമ്യനായ്‌.
നിന്നെയെമ്മട്ടിലപഗ്രഥിക്കും കഷ്ട-
മെന്നിലുളെളന്നശ്ശരിക്കറിയാത്ത ഞാന്‍ ?
നന്മ നേരുന്നു നിനക്കു ഞാന്‍- നീയെന്‍റെ
നന്ദിയും സ്നേഹവും സ്വീകരിക്കേണമേ!
                   06-08-1948

ഒടുവിലത്തെ ചങ്ങമ്പുഴക്കവിത.. 

0 comments:

Post a Comment