Showing posts with label ചങ്ങമ്പുഴ. Show all posts
Showing posts with label ചങ്ങമ്പുഴ. Show all posts

Friday, November 25, 2011

നീറുന്ന തീച്ചൂള-ചങ്ങമ്പുഴക്കവിത

ആയുരാരോഗ്യങ്ങളാശീര്‍വദിച്ചുകൊ-
ണ്ടായിരമായിരമെത്തുന്നു കത്തുകള്‍
ഓരോസുഹൃത്തുക്കളജ്ഞാതര്‍കൂടിയു-
മീരോഗശ്ശയ്യയിലെത്തിപ്പൂ സംഖ്യകള്‍ .

ആബദ്ധസൗഹൃദമാഗമിപ്പൂ കനി-
ഞ്ഞാബാലവൃദ്ധമെന്നഭ്യുദയാര്‍ഥികള്‍ .
തിങ്ങിത്തുടിപ്പൂ വികാരങ്ങളെന്‍  ഹൃത്തി-
ലെങ്ങനെ നിങ്ങളോടോതേണ്ടു നന്ദി ഞാന്‍ ?
എതൗഷധത്തിനെക്കാളുമാശ്വാസദം
ചേതസ്സില്‍ വീഴുമിസ്സാന്ത്വനാര്‍ദ്രാമൃതം
എത്രയ്ക്കധമനാണെങ്കിലുമെന്നെയെന്‍
മിത്രങ്ങള്‍ നിങ്ങള്‍ വെടിഞ്ഞീലൊരിക്കലും
ശത്രുവെക്കൂടിയും ബന്ധിപ്പൂ മൈത്രിയാല്‍
ശപ്തമെന്‍ രോഗം; ചരിതാര്‍ത്ഥനാണു ഞാന്‍ .

നാനാരസാകുലം നാളെ മജ്ജീവിത-
നാടകത്തിങ്കല്‍ തിരശ്ശീലവീഴ്കിലും
അസ്വസ്ഥചിത്തനായ്‌ ദോ
ഷൈകദൃഷ്ടിയാ-
യസ്തമിച്ചീടാനിടയാക്കിയില്ല നീ
വീര്‍പ്പിട്ടു കണ്ണീരില്‍ മുങ്ങിനിന്നിന്നിതാ
മാപ്പുചോദിപ്പൂ ഞാന്‍ നിന്നോടു ലോകമേ

ഒപ്പം തമസ്സും പ്രകാശവുമുള്‍ച്ചേര്‍ന്നൊ-
രപ്രമേയാത്ഭുതംതന്നെ നിന്‍ ഹൃത്തടം!
ചെമ്പനീര്‍പ്പൂക്കള്‍ വിടരുമതില്‍ത്തന്നെ
വെമ്പിപ്പുളയ്ക്കുന്നു തേളും പുഴുക്കളും.
പുല്ലാങ്കുഴലിനും തോക്കിനും മധ്യത്തി-
ലുല്ലസിപ്പൂ നീസഗര്‍വനായ്‌ സൗമ്യനായ്‌.
നിന്നെയെമ്മട്ടിലപഗ്രഥിക്കും കഷ്ട-
മെന്നിലുളെളന്നശ്ശരിക്കറിയാത്ത ഞാന്‍ ?
നന്മ നേരുന്നു നിനക്കു ഞാന്‍- നീയെന്‍റെ
നന്ദിയും സ്നേഹവും സ്വീകരിക്കേണമേ!
                   06-08-1948

ഒടുവിലത്തെ ചങ്ങമ്പുഴക്കവിത.. 

Thursday, November 24, 2011

സ്വപ്നം-ചങ്ങമ്പുഴക്കവിത

എന്താണീജ്ജീവിതം? അവ്യക്തമാമൊരു
സുന്ദരമായ വളകിലുക്കം.
സംഗീതതുന്ദിലം,നൈമിഷികോജ്ജ്വലം-
പിന്നെയോ?-ശൂന്യം! പരമശൂന്യം!
എങ്കിലും മീതെയായ്‌ മര്‍ത്യ, നീ നില്‍ക്കുന്ന
തെന്തിനു?-നീയെത്ര നിസ്സഹായന്‍!
ജീവിതാധ്യായമൊരിത്തിരി മാറ്റുവാ-
നാവാത്ത നീയോ ഹാ, സര്‍വ്വഭൗമന്‍!

എന്നെ, യിക്കാണും പ്രപഞ്ചത്തിലോക്കെയു-
മെന്നില്‍ പ്രപഞ്ചം മുഴുവനുമായ്‌,
ഒന്നിച്ചുകാണുന്ന ഞാനിനി വേണെങ്കി-
ലൊന്നും നശിക്കില്ലെന്നാശ്വസിക്കാം!
എന്നാലും-പൂങ്കുല വാടിക്കൊഴിയുമ്പോള്‍;
മിന്നലെന്നേക്കും പൊലിഞ്ഞിടുമ്പോള്‍;
മഞ്ഞുനീര്‍ത്തുള്ളികള്‍ മിന്നിമറയുമ്പോള്‍;
മഞ്ജുളമാരിവില്‍ മാഞ്ഞിടുമ്പോള്‍;
മന്ദഹസിതങ്ങള്‍ മങ്ങുമ്പോള്‍-എന്നാലു-
മെന്മനമൊന്നു തുടിച്ചുപോകും!
കേവലം ഞാനറിഞ്ഞീടാതെ തന്നെ,യെന്‍-
ജീവനൊന്നയ്യോ, കരഞ്ഞുപോകും!

ഓമനസ്വപ്‌നങ്ങള്‍! ഓമനസ്വപ്‌നങ്ങള്‍!
നാമറിഞ്ഞി,ല്ലവയെങ്ങു പോയി? 

Wednesday, November 23, 2011

കാത്തിരിപ്പൂ ഞാന്‍-ചങ്ങമ്പുഴക്കവിത

നീ വരും വഴി പൂവിരിക്കുമെന്‍
ജീവിതത്തിന്‍ വിശുദ്ധികള്‍
രാഗലോല ഞാന്‍ നേടിയ ദിവ്യ-
ഭാഗധേയമരീചികള്‍
സ്വര്‍ണചാമരം വീശിയാദരാല്‍
വന്നെതിരേല്‍ക്കുമങ്ങയെ,
വായ്ക്കുമുല്‍ക്കണ്ഠയാല്‍പ്പെരുമ്പറ-
യാര്‍ക്കുമെന്‍ നെഞ്ചിടിപ്പുകള്‍
പ്രേമപൂര്‍വ്വം കഴുകുമശ്രുവാ-
ലാ മലര്‍ച്ചേവടികള്‍ ഞാന്‍!
രാജനന്ദനാ നിന്‍ സമാഗമ-
പൂജകള്‍ക്കുള്ളതൊക്കെയും,
സജ്ജമാക്കിക്കഴിഞ്ഞു -തേരുരു- 

ളൊച്ചയും കാത്തിരിപ്പൂ ഞാന്‍!....

Friday, November 18, 2011

വാഴക്കുല -ചങ്ങമ്പുഴകവിത

മലയാപ്പുലയനാ മാടത്തിന്‍മുറ്റത്തു
മഴ വന്ന നാളൊരു വാഴ നട്ടു.
മനതാരിലാശകള്‍പോലതിലോരോരോ
മരതകക്കൂമ്പു പൊടിച്ചുവന്നു.
അരുമാക്കിടാങ്ങളിലോന്നായതിനേയു-
മഴകിപ്പുലക്കള്ളിയോമനിച്ചു.

മഴയെല്ലാം പോയപ്പോള്‍, മാനം തെളിഞ്ഞപ്പോള്‍
മലയന്‍റെ മാടത്ത പാട്ടുപാടി.
മരമെല്ലാം പൂത്തപ്പോള്‍ ,കുളിര്‍കാറ്റു വന്നപ്പോള്‍
മലയന്‍റെ മാടവും പൂക്കള്‍ ചൂടി.
വയലില്‍ വിരിപ്പൂ വിതയ്ക്കേണ്ട കാലമായ്‌
വളരെ പ്പണിപ്പാടു വന്നു കൂടി.
ഉഴുകുവാന്‍ രാവിലെ പോകും മലയനു-
മഴകിയും-പോരുമ്പോളന്തിയാവും.

ചെറുവാഴത്തയ്യിനു വെള്ളമൊഴിക്കുവാന്‍
മറവിപറ്റാറില്ലവര്‍ക്കു ചെറ്റും,
അനുദിനമങ്ങനെ ശുശ്രൂഷചെയ്കയാ-
ലതുവേഗവേഗം  വളര്‍ന്നുവന്നു;
അജപാലബാലനില്‍ ഗ്രാമീണബാലത-
ന്നനുരാഗകന്ദളമെന്നപോലെ!

പകലോക്കെപ്പൈതങ്ങളാ വാഴത്തൈത്തണല്‍-
പ്പരവതാനിക്കുമേല്‍ ചെന്നിരിക്കും.
പൊരിയും വയറുമായുച്ചക്കൊടുംവെയില്‍
ചൊരിയുമ്പോ,ഴുതപ്പുലാക്കിടങ്ങള്‍,
അവിടെയിരുന്നു കളിപ്പതു കാണ്‍കി, ലേ-
തലിയാത്ത ഹൃത്തുമലിഞ്ഞു പോകും!

കരയും ചിരിക്കു,മിടയ്ക്കിടെ ത്തമ്മിലാ-
'ക്കരുമാടിക്കുട്ടന്മാര്‍'  മല്ലടിക്കും!
അതു കാണ്‍കെ പ്പൊരിവെയിലിന്‍ ഹൃദയത്തില്‍ ക്കൂടിയു-
മലിവിന്‍റെ നനവൊരു നിഴല്‍ വിരിക്കും!

അവശന്മാ,രാര്‍ത്തന്മാ,രാലംബഹീനന്മാ-
രവരുടെസന്കടമാരറിയാന്‍?
അവരര്‍ദ്ധനഗ്നന്മാ,രാതപമഗ്നമാ-
രവരുടെ പട്ടിണിയെന്നു തീരാന്‍?

അവരാര്‍ദ്രചിത്തന്മാ,രപഹാസപാത്രങ്ങ-
ളവരുടെ ദുരിതങ്ങളെങ്ങോടുങ്ങാന്‍? 

ഇടതിങ്ങിനിറയുന്നു നിയമങ്ങള്‍, നീതിക-
ളിടമില്ലവര്‍ക്കൊന്നു കാലുകുത്താന്‍ !

ഇടറുന്ന കഴല്‍വയ്പ്പൊടുഴറിക്കുതിക്കയാ-
ണിടയില്ല ലോകത്തിനിവരെ നോക്കാന്‍.
ഉമിനീരിറക്കാതപ്പാവങ്ങള്‍ ചാവുമ്പോ-
ളുദകക്രിയപോലും ചെയ്തിടേണ്ട.

മദമത്തവിത്തപ്രതാപമേ, നീ നിന്‍റെ
മദിരോത്സവങ്ങളില്‍ പങ്കുകൊള്ളൂ!

പറയുന്നു മാതേവന്‍- " ഈ ഞാലിപ്പൂവന്‍റെ
പഴമെത്ര സാദോള്ളതായിരിക്കും !"
പരിചോ, ടനുജന്‍റെ വാക്കില്‍ ചിരി വന്നു
ഹരിഹാസഭാവത്തില്‍ തേവനോതി:
"കൊലവരാറായി, ല്ലതിനുമുമ്പേതന്നെ
കൊതിയന്‍റെ നാക്കത്തു വെള്ളം വന്നു!"

പരിഭവിച്ചീടുന്നു നീലി :"അന്നച്ചന-
തരി വാങ്ങാന്‍ വല്ലോര്‍ക്കും വെട്ടി വിക്കും."
"കരുനാക്കുകൊണ്ടൊന്നും പറയാതെടി മൂശേട്ടെ!"
കരുവള്ളോന്‍ കോപിച്ചോരാജ്ഞ നല്‍കി!

അതു കേ, ട്ടെഴുന്നേറ്റു ദൂരത്തു മാറിനി-
ന്നവനെയവളൊന്നു ശുണ്ഠി കൂട്ടി

"പഴമായാ നിങ്ങളെക്കാണാണ്ടെ സൂത്രത്തി-
പ്പകുതീം ഞാനൊററയ്ക്കു കട്ടു തിന്നും!"

"അതു കാണാ,മുവ്വടീ ചൂരപ്പഴാ നെന-
ക്കതിമോഹമേറെക്കടന്നുപോയോ!
ദുരമൂത്ത മറുതേ, നിന്‍തൊടയിലെത്തൊലിയന്നി-
ക്കരുവള്ളോനുരിയണോരുരിയല്‍ കണ്ടോ!.."
ഇതു വിധം നിത്യമാ വാഴച്ചുവട്ടി,ല -
ക്കൊതിയസമാജം നടന്നു വന്നു.

കഴിവതും വേഗം കുലയ്ക്കണ,മെന്നുള്ളില്‍-
ക്കരുതിയിരിക്കുമാ വാഴപോലും!
അവരുടെയാഗ്രഹമത്രയ്ക്കഗാധവു-
മനുകമ്പനീയവുമായിരുന്നു!

ഒരു ദിനം വാഴകുലച്ചതു കാരണം
തിരുവോണം വന്നു പുലക്കുടിലില്‍,
കലഹിക്കാന്‍ പോയില്ല പിന്നീടോരിക്കലും
കരുവള്ളോന്‍ നീലിയോടെന്തുകൊണ്ടോ!

അവളൊരുകള്ളിയാ,ണാരുമറിഞ്ഞിടാ-
തറിയാമവള്‍ക്കെന്തും കട്ടുതിന്നാന്‍.
അതുകൊണ്ടവളോടു സേവകൂടീടുകി-
ലവനുമതിലൊരു പങ്കു കിട്ടാം .

കരുവള്ളോന്‍ നീലിതന്‍ പ്രാണനായ്‌, മാതെവന്‍
കഴിവതും കേളനെ പ്രീതനാക്കി.
നിഴല്‍ നീങ്ങി നിമിഷത്തില്‍ നിറനിലാവോതുന്ന
നിലയല്ലോനിര്‍മല ബാല്യകാലം !

അരുമക്കിടാങ്ങള്‍തന്നാനന്ദം കാണ്‍കയാ-
ലഴകിക്കു ചിത്തം നിറഞ്ഞു പോയി.
കുല മൂത്തു വെട്ടിപ്പഴുപ്പിച്ചെടുക്കുവാന്‍
മലയനുമുള്ളില്‍ തിടുക്കമായി.
അവരോമല്‍പ്പൈതങ്ങള്‍ക്കങ്ങനെയെങ്കിലു-
മവനൊരു സമ്മാനമേകാമല്ലോ.
അരുതവനെല്ലുനുറുങ്ങി യത്നിക്കിലു-
മരവയര്‍ക്കഞ്ഞിയവര്‍ക്കു നല്‍കാന്‍,
ഉടയോന്‍റെ മേടയി,ലുണ്ണികള്‍ പഞ്ചാര-
ച്ചുടുപാലടയുണ്ടു റങ്ങിടുമ്പോള്‍,
അവനുടെ കണ്മണിക്കുഞ്ഞുങ്ങള്‍ പട്ടിണി-
ക്കലയണമുച്ചക്കൊടുംവെയിലില്‍!
അവരുടെ തൊണ്ടനനയ്ക്കുവാനുള്ളതെ-
ന്തയലത്തെ മേട്ടിലെത്തോട്ടുവെള്ളം!

കനിവറ്റ ലോകമേ, നീ നിന്‍റെ ഭാവനാ-
കനകവിമാനത്തില്‍ സഞ്ചരിക്കൂ,
മുഴുമതി പെയ്യുമപ്പൂനിലാവേറ്റുകൊ-
ണ്ടഴകിനെത്തേടിയലഞ്ഞുകൊള്ളൂ,
പ്രണയത്തില്‍ കല്‍പ്പകത്തോപ്പിലെ, പ്പച്ചില -
ത്തണലിലിരുന്നു കിനാവുകാണൂ.
ഇടനെഞ്ഞു പൊട്ടി, യീ പ്പാവങ്ങളിങ്ങനെ-
യിവിടെക്കിടന്നു തുലഞ്ഞിടട്ടെ.
അവര്‍തന്‍ തലയോടുകള്‍ കൊണ്ടു വിത്തേശ്വര-
രരമന കെട്ടിപ്പടുത്തിടട്ടെ.
അവരുടെ ഹൃദ്രക്തമൂറ്റിക്കുടിച്ചവ-
രവകാശഗര്‍വ്വം നടിച്ചിടട്ടെ.
ഇവയൊന്നും നോക്കേണ്ട,കാണേണ്ട, നീ നിന്‍റെ
പവിഴപ്പൂങ്കാവിലലഞ്ഞുകൊള്ളൂ !

മലയനാ വാഴയെ സ്പര്‍ശിച്ച മാത്രയില്‍
മനതാരില്‍ നിന്നൊരിടി മുഴങ്ങി.
അതിനുടെ മാറ്റൊലി ചക്രവാളം തകര്‍-
ത്തലറുന്ന മട്ടിലവനു തോന്നി.
പകലിന്‍റെ കുടര്‍മാലച്ചുടുചോരത്തെളി കൂടി-
ച്ചകലത്തിലമരുന്നിതന്തിമാര്‍ക്കന്‍!
ഒരു മരപ്പാവപോല്‍ നിലകൊള്ളും മലയനി-
ല്ലൊരുതുള്ളി രക്തമക്കവിളിലെങ്ങും !
അനുമാത്രം പൊള്ളുകയാണവനാത്മാവൊ-
രസഹനീയാതപജ്ജ്വാല മൂലം!
അമിതസന്തുഷ്ടിയാല്‍ തുള്ളിക്കളിക്കയാ-
ണരുമക്കിടാങ്ങള്‍ തന്‍ ചുറ്റുമായി;
ഇലപോയി, തൊലി പോയി,മുരടിച്ചോരിലവിനെ
വലയം ചെയ്തുലയുന്ന ലതകള്‍ പോലെ.

അവരുടെ മിന്നിവിടര്‍ന്നൊരക്കണ്ണുക -
ളരുതവനങ്ങനെ നോക്കി നില്‍ക്കാന്‍ .
അവരുടെ കൈകൊട്ടിപ്പൊട്ടിച്ചിരിക്കല്‍ ക-
ണ്ടവനന്തരംഗം തകര്‍ന്നു പോയി.
കുല വെട്ടാന്‍ കത്തിയുയര്‍ത്തിയ കൈയ്യുകള്‍
നിലവിട്ടു വാടിത്തളര്‍ന്നു പോയി.

കരുവള്ളോന്‍ നീലിക്കൊരുമ്മ കൊടുക്കുന്നു,
കരളില്‍ തുളുമ്പും കുതൂഹലത്താല്‍.
അവളറിയാതുടനസിതാധരത്തില്‍ നി-
ന്നവിടെങ്ങുമുതിരുന്നു മുല്ലപ്പൂക്കള്‍.

മലയന്‍റെ കണ്ണില്‍ നിന്നിറ്റിറ്റു വീഴുന്നു
ചിലകണ്ണീര്‍ക്കണികകള്‍ പൂഴിമണ്ണില്‍ .
അണുപോലും ചലനമറ്റമരുന്നിതവശരാ
യരികത്തുമകലത്തും തരുനിരകള്‍!

സരസമായ്‌ മാതേവന്‍ കേളന്‍റെ തോളത്തു
വിരല്‍ത്തട്ടിത്താളം പിടിച്ചു നില്‍പ്പൂ.
അണിയിട്ടിട്ടനുമാത്രം വികസിക്കും കിരണങ്ങ-
ളണിയുന്നു കേളന്‍റെ കടമിഴികള്‍!

ഇരുള്‍ വന്നു മൂടുന്നു മലയന്‍റെ കണ്‍മുമ്പി,-
ലിടറുന്നു കാലുകളെന്തു ചെയ്യും ?
കുതിരുന്നു മുന്നിലത്തിമിരവും കുരുതിയില്‍
ചതിവീശും വിഷവായു തിരയടിപ്പൂ!

അഴകി,യാ മാടത്തി,ലേങ്ങലടിച്ചടി-
ച്ചഴലുകയാ,ണിതിനെന്തു ബന്ധം ?..
കുല വെട്ടി!-മോഹിച്ചു,മോഹിച്ചു, ലാളിച്ച
കുതുകത്തിന്‍ പച്ചക്കഴുത്തു വെട്ടി!-
കുല വെട്ടി!- ശൈശവോല്ലാസ കപോതത്തിന്‍
കുളിരൊളിപ്പൂവല്‍ ക്കഴുത്തു വെട്ടി!-

തെരുതെരെക്കൈകൊട്ടിത്തുള്ളിക്കളിക്കുന്നു
പരമസന്തുഷ്ടരായ്ക്കണ്മണികള്‍.

ഒരു വെറും പ്രേതം കണക്കതാ മേല്‍ക്കുമേല്‍
മലയന്‍റെ വക്ത്രം വിളര്‍ത്തു പോയി!

കുലതോളിലേന്തിപ്രതിമയെപ്പോലവന്‍
കുറെനേരമങ്ങനെ നിന്നുപോയി!

അഴിമതി, യക്രമ, മത്യന്ത രൂക്ഷമാ-
മപരാധം , നിശിതമാമശനീപാതം!
കളവെന്തന്നറിയാത്ത പാവങ്ങള്‍ പൈതങ്ങള്‍
കനിവറ്റലോകം കപട ലോകം !
നിസ്വാര്‍ത്ഥസേവനം. നിര്‍ദ്ദയ മര്‍ദ്ദനം
നിസ്സഹായത്വം, ഹാ, നിത്യ ദുഃഖം!

നിഹതനിരാശാതിമിരം ഭയങ്കരം !
നിരുപാധികോഗ്രനിയമഭാരം !-
ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പ്രതിതരെ നിങ്ങള്‍ തന്‍ പിന്മുറക്കാര്‍?

കുല തോളിലേന്തി പ്രതിമപോലങ്ങനെ
മലയനാ മുറ്റത്തു നിന്നു പോയി.
അരുത,വനൊച്ച പോങ്ങുന്നതില്ല ,ക്കരള്‍
തെരുതെരെപ്പെര്‍ത്തും തുടിപ്പു മേന്‍മേല്‍ !
ഒരു വിധം ഗദ്ഗദം ഞെക്കിഞെരുക്കിയ
കുറെയക്ഷരങ്ങള്‍ തെറിപ്പൂകാറ്റില്‍:
" കരയാതെ മക്കളെ..കല്‍പ്പിച്ചു..തമ്പിരാന്‍ ..
ഒരു വാഴ വേറെ ...ഞാന്‍ കൊണ്ടു പോട്ടെ !"

മലയന്‍ നടക്കുന്നു -- നടക്കുന്നു മാടത്തി-
ലലയും മുറയും നിലവിളിയും !
അവശന്മാ,രാര്‍ത്തന്മാ,രാലംബഹീനന്മാ-
രവരുടെ സങ്കടമാരറിയാന്‍?
പണമുള്ളോര്‍ നിര്‍മിച്ച നീതിക്കിതിലൊന്നും
പറയുവാനില്ലേ?-ഞാന്‍ പിന്‍വലിച്ചു !...

Tuesday, November 15, 2011

ആത്മ രഹസ്യം ..ചങ്ങമ്പുഴക്കവിത

ആ രാവില്‍ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലേ നീ !

         താരകാകീര്‍ണമായ നീലാംബരത്തിലന്നു
        ശാരദശശിലേഖ സമുല്ലസിക്കെ;

        തുള്ളിയുലഞ്ഞുയര്‍ന്നു തള്ളിവരുന്ന മൃദു-
        വെള്ളിവലാഹകകള്‍ നിരന്നു നില്‍ക്കെ;

        നര്‍ത്തനനിരതകള്‍, പുഷ്പിതലതികകള്‍
        നല്‍തളിര്‍കളാല്‍ നമ്മെത്തഴുകിടവെ;

        ആലോലപരിമളധോരണിയിങ്കല്‍ മുങ്ങി
        മാലേയാനിലന്‍ മന്ദമലഞ്ഞു പോകെ;

        നാണിച്ചുനാണിച്ചെന്‍റെ  മാറത്തു തലചായ്ച്ചു
        പ്രാണനായികേ, നീയെന്നരികില്‍ നില്‍ക്കെ;

        രോമാഞ്ചമിളകും നിന്‍ ഹേമാംഗകങ്ങള്‍ തോറും
         മാമകകരപുടം വിഹരിക്കവേ;

        പുഞ്ചിരിപൊടിഞ്ഞ നിന്‍  ചെന്ചൊടി തളിരിലെന്‍-
        ച്ചുംബനമിടയ്ക്കിടക്കമര്‍ന്നീടവെ;

       നാമിരുവരുമൊരു നീലശിലാതലത്തില്‍
       നാകനിര്‍വൃതിനേടിപരിലസിക്കെ;

ആ രാവില്‍ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലേ നീ !

       വേദന സഹിയാത്ത രോദനം തുളുമ്പിടും
       മാമകഹൃദയത്തിന്‍ ക്ഷതങ്ങള്‍ തോറും,

       ആദരസമന്വിതമാരുമറിയാതൊരു
       ശീതളസുഖാസവം പുരട്ടി മന്ദം,

       നീയെന്നെതഴുകവേ ഞാനൊരു ഗാനമായി
       നീലാംബരാന്തത്തോളമുയര്‍ന്നു പോയി!

      സങ്കല്പ്പസുഖത്തിനും മീതെയായ്‌ മിന്നും ദിവ്യ-
      മംഗളസ്വപ്നമേ, നിന്നരികിലെത്താന്‍

      യാതൊരു കഴിവുമില്ലാതെ, ഞാനെത്രകാല-
      മാതുരഹൃദയനായുഴന്നിരുന്നു!

       കൂരിരുള്‍ നിറഞ്ഞൊരെന്‍ ജീവിതം പൊടുന്നനെ-
       ത്താരകാവൃതമായിച്ചമഞ്ഞനേരം,

       ആവെളിച്ചത്തില്‍ നിന്നെക്കണ്ടു ഞാന്‍, ദിവ്യമാമൊ-
       രാനന്ദരശ്മിയായെന്നരികില്‍തന്നെ!

       മായാത്തകാന്തിവീശും  മംഗളകിരണമേ,
       നീയൊരുനിഴലാണെന്നാരുചൊല്ലി?

       അല്ലിലെവെളിച്ചമേ, നിന്നെ ഞാനറിഞ്ഞതി-
       ലല്ലലില്‍ മൂടിനില്‍ക്കുമാനന്ദമേ !

       യാതൊന്നും മറയ്ക്കാതെ നിന്നോടു സമസ്തവു-
       മോതുവാന്‍ കൊതിച്ചു നിന്നരികിലെത്തി,

       കണ്ണുനീര്‍ക്കണികകള്‍ വീണു നനഞ്ഞതാം നിന്‍
       പോന്നലര്‍ക്കവിള്‍ക്കൂമ്പു തുടച്ചു മന്ദം,

ആ രാവില്‍ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലേ നീ !

      എന്നാത്മരഹസ്യങ്ങളെന്തും ഞാന്‍ നിന്നോടോതും;
       മന്നിനായതു കേട്ടിട്ടെന്തു കാര്യം?

       ഭൂലോക മൂഡരായി നമ്മെയിന്നപരന്‍മാര്‍
       പൂരിതപരിഹാസം കരുതിയേക്കാം

      സാരമില്ലവയൊന്നും-സന്തതം, മമ ഭാഗ്യ-
      സാരസര്‍വസ്വമേ, നീയുഴന്നിടേണ്ട!

      മാമക ഹൃദയത്തില്‍ സ്പന്ദനം നില്‍ക്കുവോളം
      പ്രേമവുമതില്‍ ത്തിരയടിച്ചുകൊള്ളും!

      കല്‍പ്പാന്തകാലം വന്നു ഭൂലോകമാകെയൊരു
      കര്‍ക്കശസമുദ്രമായ്‌മാറിയാലും

      അന്നതിന്‍മീതെയലതല്ലിയിരച്ചുവന്നു
      പൊങ്ങിടുമോരോ കൊച്ചുകുമിളപോലും

      ഇന്നുമന്മാനസത്തില്‍ ത്തുള്ളിതുളുമ്പി നില്‍ക്കും
      നിന്നോടുള്ളനുരാഗമായിരിക്കും!

       രണ്ടല്ല നീയും  ഞാനുമോന്നായിക്കഴിഞ്ഞല്ലോ!....
       വിണ്ടലം നമുക്കിനി വേറെ വേണോ?

       ആരെല്ലാം ചോദിച്ചാലു,മാരെല്ലാം മുഷിഞ്ഞാലു-
       മാരെല്ലാം പരിഭവം കരുതിയാലും,

ആ രാവില്‍ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലേ നീ !

Tuesday, October 12, 2010

കാമുകന്‍ വന്നാല്‍ ....ചങ്ങമ്പുഴ

"നിന്നാത്മനായകനിന്നു രാവില്‍
വന്നിടും വന്നാല്‍ നീയെന്തു ചെയ്യും? "
      "കോണിലെങ്ങാനു മൊഴിഞ്ഞോതുങ്ങി
       ക്കാണത്ത ഭാവത്തില്‍ ഞാനിരിക്കും! "

"ചാരുസ്മിതം തൂകിസ്സാദരം, നിന്‍ -
ചാരത്തണഞ്ഞാല്‍ പിന്നെന്തു ചെയ്യും? "
     "ആനന്ദമെന്നുള്ളില്‍ തിങ്ങിയാലും
      ഞാനീര്‍ഷ്യഭാവിചചൊഴിഞ്ഞു മാറും!"

" ആ മദനോപമനക്ഷണ, 'മെ-
ന്നോമനേ!'-യെന്നു വിളിച്ചു മന്ദം
നിന്‍ കൈ കടന്നു പിടിച്ചെടുത്താല്‍
സങ്കോചം കൊണ്ടു നീയെന്തു കാട്ടും?"

   "ഉല്‍ക്കടകോപം നടിച്ചുടന്‍ ഞാന്‍
    തല്‍ക്കരം ദൂരത്തു തട്ടിമാറ്റും!"

"ആ നയകൊവിദന്‍ പിന്മടങ്ങാ-
താ നിമേഷത്തില്‍ നിന്‍ പൂങ്കവിളില്‍
അന്‍പിലോരാനന്ദസാന്ദ്രമാകും-
ചുംബനം തന്നാല്‍  നീയെന്തു ചെയ്യും?"

   "രോമഹര്‍ഷത്തി,ലെന്‍ ചിത്ത ഭൃoഗം
    പ്രേമസംഗീതം മുഴക്കിയാലും
   'നാണമില്ലല്ലോ, ശകല!'-മെന്നായ്
    ഞാനോതു, മല്‍പ്പം പരിഭവത്തില്‍ !"

" എന്നിട്ടു മെള്ളോളം കൂസലില്ലാ-
തന്നിലയില്‍ തന്നെ നിന്നു, വേഗം
ഇന്നവന്‍ കാമവികാരധീരന്‍
നിന്നെത്തന്‍ മാറോടു ചേര്‍ത്തണച്ചാല്‍
കോമളപ്പോര്‍മുലപ്പോന്‍ കുടങ്ങള്‍
കോരിത്തരിക്കെ നീയെന്തു ചെയ്യും?"

   " പോ തോഴി ! പോ ; ഞാന്‍ പിന്നെന്തു ചെയ്യാന്‍ ?
     പോരേ കളിപ്പിച്ചതെന്നെയോട്ടും ?
     പിന്നെയിന്നെന്തു ഞാന്‍ ചെയ്യുമെന്നോ ?-
     പിന്നെ നീയാണെന്കിലെന്തു  ചെയ്യും ?-

Monday, October 11, 2010

ചങ്ങമ്പുഴ


തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ പഠിക്കുമ്പോള്‍-രണ്ടാമത്തെ വരിയില്‍ മൂന്നാമത് 

മനസ്വിനി -ചങ്ങമ്പുഴ

മഞ്ഞ ച്ചെത്തിപ്പൂങ്കുല പോലെ
മഞ്ജിമ വിടരും പുലര്‍കാലേ,
നി
ന്നൂലളിതേ, നീയെന്മുന്നില്‍
നിര്‍വൃതി തന്‍ പൊന്‍കതിര്‍പോലെ!
ദേവ നികേത ഹിരണ്മയമകുടം
മീവീ ദൂരെ ദ്യുതിവിതറി
പൊന്നിന്‍ കൊടിമരമുകളില്‍ ശബളിത
സന്നോജ്ജ്വലമൊരു കൊടി പാറി!
നീലാരണ്യ നിചോള നിവേഷ്ടിത
നിഹാരാര്‍ദ്രമഹാദ്രികളില്‍,
കല്യലസജ്ജല കന്യക കനക
ക്കതിരുകള്‍കൊണ്ടൊരു കണിവെയ്‌ക്കേ
കതിരുതിരുകിലൂമദൃശ്യ ശരീരകള്‍.
കാമദ കാനന ദേവതകള്‍
കലയുടെ കമ്പികള്‍ മീട്ടും മട്ടില്‍
കളകളമിളകീ കാടുകളില്‍!
മഞ്ഞല മാഞ്ഞിളവെയ്‌ലൊളിയില്‍,ദല
മര്‍മ്മരമൊഴുകീ മരനിരയില്‍

ഈറന്‍ തുകിലില്‍ മറഞ്ഞൊരു പൊന്നല
പാറി മിനുങ്ങിയ തവഗാത്രം.
മിത്ഥ്യാവലയിത സത്യോപമരുചി
തത്തി ലസിച്ചൂ മമ മുന്നില്‍!
ദേവദയാമയ മലയജശകലം
താവിയ നിന്‍ കുളിര്‍നിടിലത്തില്‍.
കരിവരിവണ്ടിന്‍ നിരകള്‍ കണക്കെ
ക്കാണായ്പ്പരിചൊടു കുറുനിരകള്‍!
സത്വഗുണശ്രീന്ചെന്താമര മലര്‍
സസ്മിതമഴകില്‍ വിടര്‍ത്തിയപോല്‍,
ചടുലോല്‍പല ദളയുഗളം ചൂടി
ചന്ദ്രിക പെയ്തൂ നിന്‍വദനം!

ഒറ്റപ്പത്തിയോടായിരമുടലുകള്‍
ചുറ്റുപിണഞ്ഞൊരു മണിനാഗം
ചന്ദനലതയിലദോമുഖശയനം
ചന്ദമൊടിങ്ങനെ ചെയ്യുമ്പോള്‍,
വിലസീ, വിമലേ ചെറിയൊരു പനിനീ
രലര്‍ ചൂടിയ നിന്‍ ചികുരഭരം!
ഗാനം പോല്‍, ഗുണകാവ്യം പോല്‍ മമ
മാനസമോര്‍ത്തു സഖി നിന്നെ.

തുടുതുടെയൊരു ചെറു കവിത വിടര്‍ന്നു
തുഷ്ടിതുടിക്കും മമ ഹൃത്തില്‍!
ചൊകചൊകയൊരു ചെറുകവിത വിടര്‍ന്നൂ
ചോരതുളുമ്പിയ മമ ഹൃത്തില്‍!

മലരൊളി തിരളും മധുചന്ദ്രികയില്‍
മഴവില്‍ക്കൊടിയുടെ മുനമുക്കി,
എഴുതാനുഴറീ കല്‍പന ദിവ്യമൊ
രഴകിനെ, എന്നെ മറന്നൂ ഞാന്‍!
മധുരസ്വപ്ന ശതാവലി പൂത്തൊരു
മായാലോകത്തെത്തീ ഞാന്‍!
അദ്വൈതാമല ഭാവസ്​പന്ദിത
വിദ്യുന്മേഖല പൂകീ ഞാന്‍!

രംഗം മാറികാലം പോയീ,
ഭംഗംവന്നൂ ഭാഗ്യത്തില്‍
കോടിയവസൂരിയിലുഗവിരൂപത
കോമരമാടീ നിന്നുടലില്‍.

കോമളരൂപിണി, ശാലിനി, നീയൊരു
കോലം കെട്ടിയമട്ടായി.
മുകിലൊളിമാഞ്ഞൂ, മുടികള്‍ കൊഴിഞ്ഞൂ
മുഖമതി വികൃതകലാവൃതമായ്,
പൊന്നൊളി പോയീ കാളിമയായി;
നിന്നുടല്‍വെറുമൊരു തൊണ്ടായീ.
കാണാന്‍ കഴിയാകണ്ണുകള്‍ പോയീ;
കാതുകള്‍ പോയീ കേള്‍ക്കാനും!

നവനീതത്തിനു നാണമണയ്ക്കും
നവതനുലതതന്‍ മൃദുലതയെ,
കഠിനം! ചീന്തിയെറിഞ്ഞാരടിമുടി
കടുതലരാകിന വടുനിരകള്‍!

ജാതകദോഷം വന്നെന്തിന്നെന്‍
ജായാപദവി വരിച്ചൂ നീ?
പലപലരമണികള്‍ വന്നൂ, വന്നവര്‍
പണമെന്നോതിനടുങ്ങീ ഞാന്‍.
പലപലകമനികള്‍ വന്നൂ, വന്നവര്‍
പദവികള്‍ വാഴ്ത്തീ നടുങ്ങീ ഞാന്‍
കിന്നരകന്യകപോലെ ചിരിച്ചെന്‍
മുന്നില്‍ വിളങ്ങിയ നീ മാത്രം,
എന്നോടരുളി: 'യെനിക്കവിടുത്തെ
പ്പൊന്നോടക്കുഴല്‍ മതിയല്ലോ!.
നിന്നുടെ പുല്ലാങ്കുഴലിതെനിക്കോരു
പൊന്നോടക്കുഴലാണല്ലോ!. 

പുളകമണിഞ്ഞിട്ടുടനടി ഞാനൊരു
പുതുലോകത്തിലെ യുവ നൃപനായ്.
ഇന്നോ ഞാനാ നാടുഭരിക്കും
മന്നവനല്ലോ, മമനാഥേ!
നീയോനിഹതേ, നീയോ?നിത്യം
നീറുകയാണയി മമ ഹൃദയം.
കണ്ണുകളില്ല, കാതുകളില്ല
തിണ്ണയില്‍ ഞാന്‍ കാല്‍ കുത്തുമ്പോള്‍,
എങ്ങനെ പക്ഷേ വിരിപ്പൂ ചുണ്ടില്‍
ഭംഗിയിണങ്ങിയ പുഞ്ചിരികള്‍?
അന്ധതകൊണ്ടും ഭവനം സേവന
ബന്ധുരമാക്കും പൊന്‍തിരികള്‍?
അപ്പൊന്‍തിരികള്‍ പൊഴിഞ്ഞു വെളിച്ചം;
തപ്പുന്നോ പിന്നിരുളിതില്‍ ഞാന്‍?
ദുര്‍വ്വാസനകളിടയ്ക്കിടെയെത്തി
സര്‍വ്വകരുത്തുമെടുക്കുകിലും,
അടിയറവരുളുകയാണവയെന്നോ
ടൊടുവില്‍ശക്തിതരുന്നൂ നീ!
പ്രതിഷേധസ്വര മറിയാതെഴുമ
പ്രതിമഗുണാര്‍ദ്ര മനസ്വിനി നീ
എങ്കിലുമേതോ വിഷമ വിഷാദം
തങ്കുവതില്ലേ നിന്‍കരളില്‍?
ഭാവവ്യാപക ശക്തി നശിച്ചോ
രാവദനത്തിന്‍ ചുളിവുകളില്‍
ചില ചില നിമിഷം പായാറില്ലേ
ചിന്ത വിരട്ടിയ വീര്‍പ്പലകള്‍?
നിന്‍കവി,ളമലേ, നനയുന്നില്ലേ
നീ കുടികൊള്ളും വിജനതയില്‍?
കൊടുകാറ്റലറിപ്പേമഴ പെയ്തിടു
മിടവപ്പാതി പ്പാതിരയില്‍
ശാരദ രജനിയിലെന്നതുപോല്‍, നീ
ശാലിനി, നിദ്രയിലമരുമ്പോള്‍.
അകലത്തറിയാത്തലയാഴികള്‍ത
ന്നകഗുഹകളില്‍ നിന്നൊരു നിനദം,
പരുകിപ്പെരുകി വരുമ്പോലെന്തോ
സിരകളെയൊരു വിറയറിയിയ്‌ക്കേ.
കാട്ടാളന്‍ കണയെയ്‌തൊരു പൈങ്കിളി
കാതരമായിപ്പിടയുമ്പോല്‍,
പിടയാറില്ലേ നിന്‍ഹതചേതന
പിടികിട്ടാത്തൊരു വേദനയില്‍?

വര്‍ണ്ണം, നിഴലു, വെളിച്ചം, നാദം
വന്നെത്താത്തൊരു തവ ലോകം
അട്ടിയി,ലട്ടിയി,ലിരുളിരുളിന്‍മേല്‍
കട്ടപിടിച്ചൊരു പാതാളം!
ഇല്ലൊരു തൈജസകീടം കൂടിയു
മെല്ലാ,മിരുളാണിരുള്‍ മാത്രം!
മമതയിലങ്ങനെ നിന്നരികേ ഞാന്‍
മരുവും വേളയി,ലൊരുപക്ഷേ,
നീലനിലാവിലെ വനമേഖലപോല്‍
നിഴലുകളാടാമവിടത്തില്‍!
തെല്ലിടമാത്രംപിന്നീടെല്ലാ
മല്ലാ,ണെന്തൊരു ഹതഭാഗ്യം!
നിന്‍ കഥയോര്‍ത്തോര്‍ത്തെന്‍ കരളുരുകി
സ്സങ്കല്‍പത്തില്‍ വിലയിക്കേ,
ഏതോനിര്‍വൃതിയിക്കിളികൂട്ടി
ചേതനയണിവൂ പുളകങ്ങള്‍!
വേദന, വേദന, ലഹരിപിടിക്കും
വേദനഞാനിതില്‍ മുഴുകട്ടേ!
മുഴുകട്ടേ, മമ ജീവനില്‍ നിന്നൊരു
മുരളീ മൃദൂരവമൊഴുകട്ടേ